കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് CJPയുടെ  രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാവവും

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. പൂനെയിലെ സാവിത്രി ഭായ് ഫുലെ സർവകലാശാലയിലാണ് ആദ്യ  പ്രതിഷേധം സംഘടിപ്പിക്കുന്നത്.വൈകിട്ട് 4 മണിക്ക് നടക്കുന്ന പ്രതിഷേധ സംഗമത്തിൽ CJP സ്ഥാപകൻ അഭിജിത്ത് ദീപ്‌കെ, ആക്ടിവിസ്റ്റ് സോനം വാങ്ചുക് എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിക്ക് പോലീസ്, സർവകലാശാല അധികൃതർ എന്നിവരുടെ അനുമതി ലഭിച്ചതായും റിപ്പോർട്ടുണ്ട്.വിദ്യാർത്ഥികൾ നേരിടുന്ന പരീക്ഷാ സംബന്ധമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ''എക്‌സാം മാനിഫെസ്റ്റോ'' ഇന്ന് പുറത്തിറക്കുമെന്നും പാർട്ടി അറിയിച്ചു. നാളെ ലക്‌നൗവിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

അതേസമയം, ജന്തർ മന്തറിൽ നടന്ന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ റോഹ്തക്കിലെ ഗവൺമെന്റ് മിഡിൽ സ്‌കൂളിലെ പ്രൈമറി ഗസ്റ്റ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി ആരോപണം ഉയർന്നിട്ടുണ്ട്. സുലേഖ ദലാൽ എന്ന അധ്യാപികയാണ് സസ്‌പെൻഷൻ നേരിട്ടത്. സസ്‌പെൻഷൻ ഉത്തരവിൽ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കാത്ത പക്ഷം ജൂൺ 20 മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും CJP പ്രഖ്യാപിച്ചു