'ശുദ്ധജലം അവകാശമാണ്, വിഷമല്ല'; ഇൻഡോർ ദുരന്തത്തിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധി
ഇൻഡോറിലെ മലിനജല ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് ശുദ്ധജലത്തിന് പകരം ഭരണകൂടം വിതരണം ചെയ്തത് വിഷമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശുദ്ധജലം എന്നത് സർക്കാരിന്റെ ഔദാര്യമല്ല, മറിച്ച് ഓരോ പൗരന്റെയും ജീവിക്കാനുള്ള അവകാശമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
മലിനജലം കലർന്ന വെള്ളം കുടിച്ച് 13 പേർ മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളത്തിന് ദുർഗന്ധമുണ്ടെന്ന് ജനങ്ങൾ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന ഭരണകൂടത്തിന്റെ നിലപാട് ധിക്കാരപരമാണ്. ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിന് പകരം ബിജെപി നേതാക്കൾ അഹങ്കാരത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മധ്യപ്രദേശ് ഇപ്പോൾ ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മോശം ചുമ സിറപ്പ് മൂലമുള്ള മരണങ്ങൾ, ആശുപത്രികളിലെ അനാസ്ഥ, ഇപ്പോൾ മലിനജല ദുരന്തം എന്നിവ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ദരിദ്രർ മരിച്ചുവീഴുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെയും ചോദ്യം ചെയ്തു.
അതേസമയം, കുടിവെള്ള പൈപ്പിൽ മലിനജലം കലർന്നതാണ് അപകടകാരണമെന്ന് മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സമ്മതിച്ചു. വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കിയതായും സർക്കാർ അറിയിച്ചിട്ടുണ്ട്. കേസ് വരുംദിവസങ്ങളിൽ ഹൈക്കോടതി വിശദമായി പരിഗണിക്കും.