കരുണാനിധിയെ ബഹുമാനിച്ചില്ല നിയമസഭയിൽ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി വിജയ്

 

മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെ ബഹുമാനമില്ലാതെ പരാമർശിച്ച വനംവകുപ്പ് മന്ത്രി രഞ്ജിത്ത് കുമാറിന്റെ പരാമർശത്തിൽ നിയമസഭയിൽ മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്. കരുണാനിധിയെ 'കലൈഞ്ജർ' എന്നോ 'മുൻ മുഖ്യമന്ത്രി' എന്നോ ബഹുമാനസൂചകമായി അഭിസംബോധന ചെയ്യാതെ പേര് മാത്രം പറഞ്ഞതാണ് വിവാദമായത്.

ആരോഗ്യ, റവന്യൂ വകുപ്പുകൾക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് സംഭവം. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പിൽ വോട്ടിനായി പണം വിതരണം ചെയ്തിരുന്ന രീതികളെ വിമർശിച്ച രഞ്ജിത്ത് കുമാർ, വിവാദമായ 'തിരുമംഗലം ഫോർമുല' ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ കാഞ്ചീപുരം മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ ഒരു വോട്ടിന് 1,500 രൂപ വരെ വിതരണം ചെയ്തിരുന്നുവെന്നും, എന്നാൽ വോട്ടിന് പണം നൽകാതെയാണ് നിലവിലെ സർക്കാർ അധികാരത്തിലെത്തിയതെന്നും മന്ത്രി അവകാശപ്പെട്ടു.

ഇതിനിടെയാണ് ഡി.എം.കെ നേതാവായ എം. കരുണാനിധിയെ പതിവ് ബഹുമാനസൂചകങ്ങൾ ഒഴിവാക്കി പേര് മാത്രം പറഞ്ഞ് മന്ത്രി പരാമർശിച്ചത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

തമിഴ്നാട് നിയമസഭയിലെ കീഴ്വഴക്കമനുസരിച്ച് ആദരണീയരായ നേതാക്കളെ ഔദ്യോഗിക പദവികളും ബഹുമാനസൂചക വിശേഷണങ്ങളും ഉപയോഗിച്ചാണ് സാധാരണയായി അഭിസംബോധന ചെയ്യുന്നത്. പ്രതിഷേധം ശക്തമായതോടെ മുൻ മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രന്റെ നേതൃത്വത്തിൽ ഡി.എം.കെ അംഗങ്ങൾ രംഗത്തെത്തി.

തുടർന്ന് മുഖ്യമന്ത്രി വിജയ് സഭയിൽ എഴുന്നേറ്റ് മന്ത്രിക്കുവേണ്ടി ക്ഷമ ചോദിക്കുകയായിരുന്നു. മന്ത്രിയുടെ പരാമർശത്തിൽ ഉണ്ടായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.