കൊക്രോച്ച് നായകൻ അഭിജീത് ദിപ്കെ ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ വൻ പൊലീസ് സന്നാഹം, ജന്ദർ മന്ദറിൽ ഇന്ന് ശക്തിപ്രകടനം
നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കാനായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലെത്തി. രാവിലെ 7.37-ഓടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ അഭിജീതിനെ സ്വീകരിക്കാൻ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. വൻ സന്നാഹത്തോടെ വിമാനത്താവളത്തിൽ നിലയുറപ്പിച്ച ഡൽഹി പൊലീസ് അഭിജീതിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ലെന്നാണ് സൂചന.
കേന്ദ്ര മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നിലവിൽ സിജെപി പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. രാവിലെ ഒൻപത് മണിക്ക് ജന്ദർ മന്ദറിലാണ് പ്രധാന പ്രതിഷേധ പ്രകടനം നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി യുവാക്കൾ ഈ സമരത്തിൽ പങ്കാളികളാകുമെന്നാണ് റിപ്പോർട്ടുകൾ. ജന്ദർ മന്ദറിലേക്ക് എത്തിച്ചേരാൻ സിജെപി പ്രവർത്തകരോട് അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ ദേശീയ പതാകയും ഒരു പുസ്തകവും കൈയിലേന്തണമെന്നും സമരത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പരമാവധി ലൈവ് സ്ട്രീം ചെയ്യണമെന്നും പാർട്ടി ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ നിർദ്ദേശിച്ചു. ഡൽഹിയിലെ കടുത്ത ചൂട് കണക്കിലെടുത്ത് തൊപ്പി, സൺസ്‌ക്രീൻ എന്നിവ കരുതാനും സമയത്തിന് പ്രാതൽ കഴിക്കാനും പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധം ഉറപ്പാക്കാനും യുവാക്കളുടെ ഭാവിക്കായി നിലകൊള്ളുന്ന പൊലീസുകാർക്ക് പൂക്കൾ കൈമാറാനും ആഹ്വാനമുണ്ട്. കൂടാതെ സംഘബലം വർദ്ധിപ്പിക്കുന്നതിനായി കുടുംബാംഗങ്ങളെയും സമരത്തിലേക്ക് കൊണ്ടുവരാൻ നേതൃത്വം ആവശ്യപ്പെട്ടു.
വെറുമൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി തുടങ്ങി പിന്നീട് രാജ്യത്ത് വലിയ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ കൂട്ടായ്മയായി മാറിയ സിജെപിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പ്രതിഷേധ സംഗമം തങ്ങളുടെ ആദ്യത്തെ വലിയ ശക്തിപ്രകടനമായി മാറും. നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനം പാഴായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കും വരെ സമരം തുടരാനാണ് പാർട്ടിയുടെ തീരുമാനം.