സവർക്കറെ അപമാനിച്ചെന്ന് പരാതി; സോണിയ ഗാന്ധിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
ഓർമ്മക്കുറിപ്പിൽ വി.ഡി. സവർക്കറെ അപമാനിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശങ്ങൾ സവർക്കറുടെ അനുയായികളുടെയും മറാത്തി സമൂഹത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
നവംബർ പത്തിനാണ് സോണിയ ഗാന്ധിയുടെ 544 പേജുള്ള ഓർമ്മക്കുറിപ്പായ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) പുറത്തിറങ്ങിയത്. ഇതിൽ സവർക്കറെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നിൽ സവർക്കർ സമർപ്പിച്ച മാപ്പപേക്ഷകളെയും, ഹിന്ദുത്വ ആശയത്തിന്റെ രൂപീകരണത്തിൽ അദ്ദേഹത്തിനുള്ള പങ്കിനെയും സംബന്ധിച്ച വിവരണങ്ങളെയാണ് പരാതിക്കാർ പ്രധാനമായും എതിർക്കുന്നത്.
പുസ്തകത്തിന്റെ 201, 443 പേജുകളിലെ ഉള്ളടക്കമാണ് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസ് നേതാക്കൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കഠിനമായ തടവിനും പീഡനങ്ങൾക്കും വിധേയരായപ്പോൾ, സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകുകയായിരുന്നുവെന്നാണ് 201-ാം പേജിൽ പറയുന്നത്. ആർ.എസ്.എസ് അംഗങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന് വിവരങ്ങൾ കൈമാറിയിരുന്നുവെന്ന ആരോപണവും ഈ ഭാഗത്തുണ്ട്.
443-ാം പേജിൽ സവർക്കറുടെ ഹിന്ദുത്വ ആശയത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്. ഇന്ത്യയെ പ്രധാനമായും ഹിന്ദുക്കൾക്ക് ആധിപത്യമുള്ള രാഷ്ട്രമായി കാണുന്ന കാഴ്ചപ്പാടിന്റെ സ്ഥാപകനായാണ് സവർക്കറെ പുസ്തകത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ ആശയത്തെ ആർ.എസ്.എസ്, ബി.ജെ.പി, സംഘ്പരിവാർ സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളുമായും ബന്ധിപ്പിക്കുന്നുണ്ട്. ഈ പരാമർശങ്ങൾ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും, സ്വാതന്ത്ര്യസമരത്തിൽ സവർക്കർ നൽകിയ സംഭാവനകളെ അവഹേളിക്കുന്നതാണെന്നുമാണ് അനുകൂലിക്കുന്നവരുടെ നിലപാട്.