ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതി; ടി.വി.കെ എം.എൽ.എ അരുൾ വിഘ്നേശിനെതിരെ ഡി.എം.കെ രംഗത്ത്, പ്രത്യേക സംഘം അന്വേഷണം തുടങ്ങി
വനിതാ ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തിൽ ടി.വി.കെ എം.എൽ.എ അരുൾ വിഘ്നേശിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡി.എം.കെ രംഗത്തെത്തി. സംഭവത്തിൽ പരാതി നൽകിയതായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. എം.എൽ.എയുടെ പ്രവൃത്തി സ്ത്രീസുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അശ്ലീല സന്ദേശം ലഭിച്ച വനിതാ കളക്ടർ നേരത്തെ മന്ത്രി ആനന്ദിനോട് ഇക്കാര്യം ഉന്നയിക്കുകയും, പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മുതിർന്ന വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘം എം.എൽ.എയുടെ മണ്ഡലമായ കള്ളാക്കുറിച്ചിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനായി അരുൾ വിഘ്നേശിന് പോലീസ് സമൻസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച അരുൾ വിഘ്നേശ്, സംഭവം ഡി.എം.കെ തയ്യാറാക്കിയ കെണിയാണെന്ന് ആരോപിച്ചു. വിഷയത്തിൽ എം.എൽ.എയ്ക്ക് വേണ്ടി പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങളിലാണ് ടി.വി.കെ നേതൃത്വം.