സോനം വാങ്ചുക്കിന് കോൺഗ്രസ് പിന്തുണ; സമരപ്പന്തൽ സന്ദർശിച്ച് പവൻ ഖേര
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിനെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര.
സോനം വാങ്ചുക്കിന്റെ സമരപ്പന്തലിൽ എത്തുന്ന ആദ്യ കോൺഗ്രസ് നേതാവാണ് പവൻ ഖേര. സോനം വാങ്ചുക്കിന്റെ പ്രതിഷേധത്തിന് കോൺഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സന്ദർശനം. വിഷയത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇടപെട്ടതിനെ തുടർന്നാണ് പാർട്ടി പിന്തുണ അറിയിച്ചത്.
സമരപ്പന്തലിലെത്തിയ പവൻ ഖേര, സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ ഭാഷ മനസ്സിലാക്കാത്ത സർക്കാരാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്നതെന്നും രാജ്യത്തെ വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് ഇനി യാതൊരു പ്രതീക്ഷയുമില്ലെന്നും സമരത്തിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തുണ്ടാകുമെന്നും പവൻ ഖേര വ്യക്തമാക്കി.