നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

 

എസ്.ഐ.ആർ പരിഷ്കരണത്തിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് റാലി നടത്തും. പ്രതിഷേധ പരിപാടിക്ക് ഡൽഹി പൊലീസ് ഔദ്യോഗികമായി അനുമതി (NOC) നൽകി. ജന്തർമന്തറിലെ പ്രക്ഷോഭങ്ങൾക്ക് നിയന്ത്രണമുള്ള പശ്ചാത്തലത്തിൽ കേന്ദ്രം അനുവദിച്ച പ്രധാന സമര കേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം.

ഒക്ടോബർ 25 മുതൽ നവംബർ മൂന്ന് വരെ മൈതാനത്ത് മറ്റ് പരിപാടികൾ ഒന്നും നിശ്ചയിച്ചിട്ടില്ലെന്ന് ഡൽഹി മുൻസിപ്പൽ കോർപറേഷൻ (MCD) വ്യക്തമാക്കിയതിനെ തുടർന്നാണ് കോൺഗ്രസ് അനുമതി തേടി പൊലീസിനെ സമീപിച്ചത്. സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തിയാണ് ഡൽഹി പൊലീസ് അനുമതി നൽകിയിരിക്കുന്നത്.

ഇ.വി.എമ്മിനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുക, എസ്.ഐ.ആർ തിരുത്തലുകൾ പിൻവലിക്കുക തുടങ്ങിയ ശക്തമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് മെഗാ റാലി സംഘടിപ്പിക്കുന്നത്. റാലിയുടെ സുഗമമായ നടത്തിപ്പിനും ഗതാഗത നിയന്ത്രണത്തിനുമായി സംഘാടകരുമായും ട്രാഫിക് പൊലീസുമായും ചേർന്ന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.