വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി;  ഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിച്ചു

 

വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.സമൂഹമാധ്യമങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയത്. മെറ്റയും, എക്സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കുന്നു.

അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ സമൂഹമാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അന്വേഷണം ഏജൻസികൾക്ക് കൈമാറണം. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ , ഐക്യം എന്നിവക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശത്തിൽ വ്യക്തമാക്കി.

അതേസമയം, വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തുകയാണ് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു പറഞ്ഞിരുന്നു. യാത്രക്കാർ ഭയപ്പെടേണ്ടതില്ല.സ്ഥിതി നിയന്ത്രണവിധേയമാണ്, ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതിലൂടെ വിമാന കമ്പനികൾക്ക് 600 കോടി രൂപയോളം നഷ്ടമാണുണ്ടയി എന്നാണ് പ്രാഥമിക കണക്കുകൾ.