സന്താനങ്ങളുണ്ടാകാനുള്ള ദാമ്പത്യ അവകാശത്തെ നിഷേധിക്കാനാവില്ല; കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി

 

സന്താനങ്ങളുണ്ടാകാനുള്ള ദാമ്പത്യ അവകാശത്തെ നിഷേധിക്കാനാവില്ലെന്നാണ് കർണാടക ഹൈക്കോടതി പറഞ്ഞത്. മക്കളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് ഭാര്യ സമർപ്പിച്ച ഹർജിയിൽ കൊലക്കേസ് പ്രതിക്കു പരോൾ അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 30 ദിവസത്തെ പരോൾ ആണു കോടതി അനുവദിച്ചത്.
   

കോലാർ സ്വദേശിനിയായ 31കാരി നൽകിയ പരാതിയിലാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണ‌‌കുമാർ പ്രതിക്കു പരോൾ അനുവദിച്ചത്. കൊലക്കേസിൽ പത്തു വർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായി 2023 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. പതിനഞ്ചു ദിവസം പരോൾ ലഭിച്ചതിനെത്തുടർന്നായിരുന്നു വിവാഹം നടത്തിയത്.

ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നു. സന്താനങ്ങളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു കാണിച്ചു ഭർത്താവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹർജി നൽകിയത്. ഭർത്താവിന്‍റെ അമ്മയ്ക്കു വിവിധ അസുഖങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിൽ വാദംകേട്ട കോടതി ജൂലൈ നാലുവരെ പരോൾ അനുവദിക്കാൻ ജയിൽ അധികൃതർക്കു നിർദേശം നൽകുകയായിരുന്നു.