ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് ആശങ്ക; മൂന്നാഴ്ചയ്ക്കുള്ളിൽ നാല് മരണം, 12 പേർക്ക് രോഗബാധ

 

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് ആശങ്ക. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാല് പേർ മരണപ്പെടുകയും 12 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആന്ധ്രാപ്രദേശ് ആരോഗ്യ കമ്മീഷണർ ജി. വീരപാണ്ഡ്യൻ അറിയിച്ചു. ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. മരിച്ച നാല് പേർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ (Comorbidities) ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിലെ കോവിഡ് കേസുകൾ ഒറ്റപ്പെട്ടതാണെന്നും ആശങ്കപ്പെടേണ്ട തരത്തിലുള്ള വലിയ പകർച്ചവ്യാധിയുടെ സൂചനയല്ലെന്നും ആരോഗ്യ കമ്മീഷണർ പ്രസ്താവനയിൽ പറഞ്ഞു. റിപ്പോർട്ട് ചെയ്ത നാല് മരണങ്ങളിൽ മൂന്നെണ്ണം കടപ്പ ജില്ലയിലും ഒന്ന് കാക്കിനടയിലുമാണ്. ജൂൺ 26-ന് കടപ്പയിലാണ് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് കൂടി വൈറസ് ബാധിച്ചു.

സംസ്ഥാനത്ത് കടപ്പയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (8 കേസുകൾ). ഗുണ്ടൂരിൽ രണ്ടും വിശാഖപട്ടണം, കാക്കിനട എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും സ്ഥിരീകരിച്ചു. ഇവ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവയായതിനാൽ പ്രത്യേക ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ജൂൺ 26 നും ജൂലൈ 15 നും ഇടയിൽ നടത്തിയ 67 കോവിഡ് പരിശോധനകളിൽ നിന്നാണ് സംസ്ഥാനത്ത് 11 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. പന്ത്രണ്ടാമത്തെ രോഗിയെ തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ (CMC) നിന്നാണ് കണ്ടെത്തിയത്.

ജൂലൈ 1 മുതൽ രാജ്യത്താകെ 339 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് (115). കർണാടക (64), മഹാരാഷ്ട്ര (43), തമിഴ്‌നാട് (39), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (18), ഡൽഹി (18), രാജസ്ഥാൻ (12) എന്നിവയാണ് തൊട്ടുപിന്നിൽ.