'പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കും'; നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൽ കാതലായ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനായി പ്രമുഖ ടെക് കമ്പനിയായ ഇൻഫോസിസിന്റെ സഹസ്ഥാപകൻ നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ക്രമക്കേടുകൾ നടത്തിയവർ ഇപ്പോൾ ജയിലിലാണെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ഓർമിപ്പിച്ചു. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന് ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുന്ന സർക്കാർ, കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പരീക്ഷാ സംവിധാനത്തെ കൂടുതൽ സുതാര്യമാക്കാനാണ് ടാസ്ക് ഫോഴ്സ് രൂപീകരണത്തിലൂടെ ശ്രമിക്കുന്നത്. നീറ്റ് പരീക്ഷാ വിവാദത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സാഹചര്യത്തിലാണ് പരീക്ഷാ സമ്പ്രദായം പുനഃസംഘടിപ്പിക്കാൻ ദീർഘകാല പരിഷ്കാരങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.