സി.ജെ.പി നേതാക്കളായ അശുതോഷിനും സൗരവ് ദാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; ജുഡീഷ്യൽ കസ്റ്റഡി നീട്ടി
സി.ജെ.പി (CJP) നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനുമെതിരെ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജന്തർമന്തറിലെ നിയമലംഘനത്തിന് പുറമെ, ഇരുവരുടെയും മുൻകാല പശ്ചാത്തലത്തെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സി.ജെ.പി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഋതു രാജ് നിരീക്ഷിച്ചു. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടുദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവിലാണ് മജിസ്ട്രേറ്റിന്റെ ഈ പരാമർശം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 126, 170 വകുപ്പുകൾ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.
ഒക്ടോബർ 11-ന് ഒപ്പിട്ട ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവം ലംഘിക്കുകയും സമാധാനലംഘനം നടത്തുകയും ചെയ്തതായി മജിസ്ട്രേറ്റ് ഉത്തരവിൽ വ്യക്തമാക്കി. വിലക്കുള്ള മേഖലകളിൽ ആവർത്തിച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നത് നിയമത്തോടുള്ള അനാദരവാണെന്നും ഭാവിയിൽ ഇവർ നിയമലംഘനം ആവർത്തിക്കില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡി അഞ്ച് ദിവസത്തേക്ക് നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്കെതിരായ നടപടിയെ അടിയന്തരാവസ്ഥയോടാണ് സി.ജെ.പി നേതാവ് സൗരവ് ദാസ് ഉപമിച്ചത്.