സിജെപി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്കെതിരായ മറ്റൊരു കേസും ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെ ഇരുവർക്കുമെതിരായ രണ്ട് കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജന്തർ മന്തർ മേഖലയിലേക്ക് അതിക്രമിച്ചുകയറിയെന്ന കേസാണ് നേരത്തേ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ക്റ്റോബർ 13ന് സൗരവ് ദാസ്, അശുതോഷ് റങ്ക, അജിൻക്യ ഷിൻഡെ എന്നിവരുൾപ്പെടെ സിജെപിയിലെ 14 അംഗങ്ങൾ സ്വകാര്യ സ്ഥലത്തുകൂടി അതിക്രമിച്ചുകയറി പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിരുന്ന സ്ഥലമെന്ന പദവി എടുത്തുകളഞ്ഞ ജന്തർ മന്തർ മേഖലയിലെത്തിയെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഇവരെ തടയാൻ ശ്രമിച്ചു. തുടർന്ന് 14 പേരെയും കസ്റ്റഡിയിലെടുക്കുകയും രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സമാധാനപാലനത്തിനായി നൽകിയ ബോണ്ടുകൾ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബർ 14ന് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടുകയും ചെയ്തു.