ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അബൂദബി കിരീടാവകാശി
ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതും പുതിയ പങ്കാളിത്ത സാധ്യതകൾ കണ്ടെത്തുന്നതുമായിരുന്നു ചർച്ചയുടെ പ്രധാന അജണ്ട.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) പശ്ചാത്തലത്തിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ ശൈഖ് ഖാലിദ് പ്രധാനമന്ത്രിയെ അറിയിച്ചു.
അബൂദബി കിരീടാവകാശിയുടെ ഓഫീസ് ചെയർമാൻ ശൈഖ് ഖലീഫ ബിൻ തഹ്‌നൂൻ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി, വ്യവസായ-അത്യാധുനിക സാങ്കേതികവിദ്യാ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി എന്നിവരുൾപ്പെടുന്ന ഉന്നതതല സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.