നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി;നാവികസേന ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ

 

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് നാവികസേന ആസ്ഥാനത്തെ ക്ലർക്ക് വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസ് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു.പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐക്ക് സുപ്രധാന സൈനിക വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് .ഹരിയാന സ്വദേശിയാണ് വിശാൽ യാദവ്.ഡൽഹിയിലെ നാവികസേനാ ആസ്ഥാനത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി വർഷങ്ങളോളം ചാരപ്പണി നടത്തിയതായും ,ഓപ്പറേഷൻ സിന്ദൂരിനിടെ പോലും ചാരപ്പണി നടത്തിയതായും കണ്ടത്തി . നാവികസേനയുമായും മറ്റ് പ്രതിരോധ യൂണിറ്റുകളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താൻകാരിയായ ഒരു സ്ത്രീക്കാണ് ഇയാൾ കൈമാറിയത്. ഇതിനായി അയാൾ പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചു.വിശാൽ യാദവ് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിന് അടിമയായിരുന്നുവെന്നും നഷ്ട്ടം നികത്താൻ പണം ആവശ്യമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പാക് രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്ന ചാരപ്രവർത്തനങ്ങൾ രാജസ്ഥാനിലെ സിഐഡി രഹസ്യാന്വേഷണ വിഭാഗം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു.