ഡാർജിലിങ് ഹണിമൂൺ ദുരന്തം: ബാർബിക്യൂവിൽനിന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി രണ്ടുമാസത്തെ ചികിത്സയ്ക്കൊടുവിൽ മരിച്ചു
ഡാർജിലിങ്ങിലെ സിറ്റോങ്ങിൽ ഹണിമൂണിനിടെ ബാർബിക്യൂവിൽ നിന്ന് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പുർ ജില്ലയിലെ ചോപ്ര സ്വദേശിനി നികിത സാഹയാണ് രണ്ടുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം.
സെപ്റ്റംബർ 13ന് ഭർത്താവ് സമീറിനൊപ്പം സിറ്റോങ്ങിലെ ഹോംസ്റ്റേയിൽ താമസിക്കുമ്പോഴായിരുന്നു അപകടം. രാത്രിയിൽ ബാർബിക്യൂ നടത്തുന്നതിനിടെ തീ പടർന്ന് നികിതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആദ്യം സിലിഗുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് മാറ്റി. നാലുദിവസം മുൻപ് ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് ഹോംസ്റ്റേ അധികൃതരുടെ അശ്രദ്ധയാണ് കാരണമെന്ന് ഭർത്താവ് സമീർ ആരോപിച്ചു. തീയുടെ സമീപത്ത് ഓയിൽ ഡ്രം ഉപയോഗിച്ചതാണ് തീ പെട്ടെന്ന് ആളിപ്പടരാൻ കാരണമായതെന്നാണ് ആരോപണം.
എന്നാൽ ഹോംസ്റ്റേ ഉടമ നിഹാൽ ആരോപണങ്ങൾ നിഷേധിച്ചു. തീയോട് ചേർന്ന് ഇരിക്കരുതെന്ന് ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും തണുപ്പ് സഹിക്കാനാകാതെ ദമ്പതികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പുറത്തുനിന്നുള്ള ഒരാളാണ് തീയിലേക്ക് മണ്ണെണ്ണ ഒഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഹോംസ്റ്റേ ജീവനക്കാർക്ക് പങ്കില്ലെന്നും ഉടമ അവകാശപ്പെട്ടു.
അപകടസമയത്ത് യുവതി നൈലോൺ വസ്ത്രം ധരിച്ചിരുന്നതായും ഇതാണ് തീ വേഗത്തിൽ പടരാൻ കാരണമായതെന്നും ഹോംസ്റ്റേ അധികൃതർ ആരോപിച്ചു. വാദങ്ങൾ ശരിവയ്ക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.