മാൻഹോളിൽ വീണ് മരണം; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു , കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

 

മുംബൈയിൽ കനത്ത മഴയ്ക്കിടെ തുറന്നുകിടന്ന മാൻഹോളിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ ജോലിയില്‍ വീഴ്ച വരുത്തിയ നാല് ബിഎംസി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.സംഭവസ്ഥലം സന്ദർശിച്ച മേയർ റിതു താവ്‌ഡെ, മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന് ഉത്തരവാദിയായ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തിയതായും അറിയിച്ചു,സംഭവത്തിൽ ഉന്നതതല അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് കമ്മിഷണർ ധനാജി ഹെർലേക്കർ, അസിസ്റ്റന്റ് സബ് എൻജിനിയർ (മെയിന്റനൻസ്) ദീപക് ചൗഗുലെ, ജൂനിയർ എൻജിനിയർ (മെയിന്റനൻസ്) അഭിജിത് ചൗഗുലെ, അസിസ്റ്റന്റ് എൻജിനിയർ (സീവറേജ് ഓപ്പറേഷൻസ്) ഉത്തം പാട്ടീൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനും ഭാവിയിൽ സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദേശിക്കുന്നതിനുമായി അഡിഷണൽ മുനിസിപ്പൽ കമ്മിഷണർ (വെസ്റ്റേൺ സബർബ്‌സ്) അധ്യക്ഷനായ ഉന്നതതല അന്വേഷണ സമിതി മുനിസിപ്പൽ കമ്മിഷണർ അശ്വിനി ഭിഡെ രൂപീകരിച്ചു.ഒരാഴ്ചയ്ക്കുള്ളിൽ നഗരത്തിലെ എല്ലാ മാൻഹോളുകൾക്കും സുരക്ഷിതമായ മൂടികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി മുംബൈയിൽ രാത്രികാലങ്ങളിൽ കനത്ത മഴ തുടരുകയാണ്.