നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണം 1282 ആയി; 10 ദിവസത്തിന് ശേഷം രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

 

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1282 ആയി ഉയർന്നു. ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ 10 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ത്രിശൂലി 3എ തുരങ്കത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളെ കണ്ടെത്തിയത്. തുരങ്കത്തിനുള്ളിൽ 170 മീറ്റർ അകലെയായാണ് ഇരുവരും കുടുങ്ങിക്കിടന്നത്. രക്ഷപ്പെടുത്തിയ ഇവരെ ത്രിശൂലിയിലെ നേപ്പാൾ സൈനിക ക്യാമ്പിലേക്ക് മാറ്റി.

വിവിധ പ്രദേശങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കിയും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിൽ അകപ്പെട്ട 5000ത്തിലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ദുരന്തബാധിതരായ രസുവ, നുവാകോട്ട് ജില്ലകളിലെ 600 കുട്ടികളെക്കുറിച്ചും വിവരമില്ല. രണ്ട് ജില്ലകളിലായി 12 സ്‌കൂളുകളും പൂർണമായും അപ്രത്യക്ഷമായതായി റിപ്പോർട്ടുകളുണ്ട്.

275 ഇന്ത്യക്കാരെയും 128 ഇന്ത്യൻ വംശജരെയും ഇനിയും കണ്ടെത്താനുണ്ട്. കാണാതായ മലയാളികളെക്കുറിച്ചും വിവരമൊന്നുമില്ല. ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനായി ബെയ്ലി പാലങ്ങൾ ഉടൻ നിർമിക്കും. കാണാതായവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനയിലും ഇന്ത്യൻ ഫോറൻസിക് സംഘം സഹായം നൽകുന്നുണ്ട്.