വഡോദരയിൽ പാലം തകർന്ന് മരണം 10 ആയി; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നിനുമായ അപകടത്തിൽ മരണസംഖ്യ 10 ആയി. വഡോദര ജില്ലയിലെ പാദ്രയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. എൻഡിആർഎഫ് സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്.
അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവർക്ക് പ്രധനമന്ത്രി നരേന്ദ്ര രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും
സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ വീതം സഹായമാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം നൽകും. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
30 വർഷത്തിലധികം പഴക്കമുള്ള പാലമാണിത്. ഈ പാലത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, മൂന്ന് മാസം മുമ്പ് 212 കോടി രൂപയുടെ പുതിയ പാലത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരുന്നു. പുതിയ പാലത്തിന്റെ രൂപകൽപ്പനയും ടെൻഡർ ജോലികളും ഇതിനകം ആരംഭിച്ച പശ്ചാത്തലത്തിലാണ് ദാരുണ സംഭവം. അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്ന രണ്ട് ട്രക്കുകൾ, ഒരു എസ് യു വി, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോറിക്ഷ എന്നിവ നദിയിലേക്ക് വീണതായി ഉദ്യോഗസ്ഥർ പറഞ്ഞു.പത്തോളം പേരെ രക്ഷപ്പെടുത്തിയതായും വഡോദര പോലീസ് സൂപ്രണ്ട് രോഹൻ ആനന്ദ് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.