ടി.വി.കെ അധികാരത്തിലെത്തിയത് മുതൽ കടബാധ്യത; വിജയ് പ്രഖ്യാപിച്ച കാർ വേണ്ടെന്ന് ഡി.എം.കെ എം.എൽ.എമാർ

 

തമിഴ്നാട് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ 234 എം.എ.എമാർക്കും പ്രഖ്യാപിച്ച സൗജന്യ കാറുകൾ നിരസിച്ച് ഡി.എം.കെ. പാർട്ടിയിലെ 59 എം.എൽ.എമാരും വാഗ്ദാനം നിരസിച്ചതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നിയമസഭയെ അറിയിച്ചു. ടി.വി.കെ സർക്കാർ അധികാരത്തിലെത്തിയത് മുതൽ സംസ്ഥാനത്ത് കടബാധ്യത വർധിച്ച സാഹചര്യത്തിൽ അധിക ചെലവ് വരുത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എം.എൽ.എമാരുടെ സാമ്പത്തിക സ്ഥിതിയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലവും പരിശോധിച്ച ശേഷം മാത്രമേ കാറുകൾ നൽകാവൂയെന്നും, സർക്കാരിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ഡി.എം.കെ ഈ ഓഫർ നിരസിക്കുകയാണെന്നും ഉദയനിധി പറഞ്ഞു. എന്നാൽ വി.സി.കെ, കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ നിർധനരായ എം.എൽ.എമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്ക് വാഹനം ആർഭാടമല്ല, അത്യാവശ്യമാണെന്ന് മന്ത്രി ആധവ് അർജുന മറുപടി നൽകി.

വി.സി.കെ എം.എൽ.എ ജ്യോതിമണിയുടെ അഭ്യർഥനയെ തുടർന്നാണ് എല്ലാ എം.എൽ.എമാർക്കും സൗജന്യ കാറും, ഇന്ധനവും പരിപാലനവും ഡ്രൈവർ വേതനവും അടക്കം പ്രതിമാസം 75,000 രൂപ അലവൻസും മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്.