ഡൽഹി കെട്ടിടദുരന്തം: മരണസംഖ്യ അഞ്ചായി; അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുന്നു
കിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഗർഭിണിയായ സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെയാണ് മരിച്ചത്. കൂടുതൽ പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്.
ഒന്നോ രണ്ടോ പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികൾ സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഉടമയായ അൻവർ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കെട്ടിടം തകരാൻ സമീപത്തെ കെട്ടിടത്തിലെ നിർമാണ പ്രവർത്തനങ്ങൾ കാരണമായിരിക്കാമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. ഡൽഹി ജില്ലാ മജിസ്‌ട്രേറ്റ് അജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.15ഓടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് അഗ്‌നിശമന സേനയുടെ നാല് വാഹനങ്ങൾ സ്ഥലത്തെത്തി ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്.