ഡൽഹി ചലോ: സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിനുകൾ റദ്ദാക്കി റെയിൽവ

 

'ഡൽഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. ട്രെയിൻ ബുക്ക് ചെയ്യുന്നതിനായി സിപിഐ നല്‍കിയ അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ റെയിൽവേ തിരിച്ചുനൽകി

ട്രെയിനുകളിലെ തിരക്ക് മൂലം പ്രവർത്തകരെ ഡൽഹിയിലെത്തിക്കുന്നതിൽ പ്രതിസന്ധിയുണ്ടായതോടെയാണ് ഒരു ട്രെയിൻ തന്നെ വാടകയ്‌ക്കെടുക്കാൻ സിപിഐ തീരുമാനിച്ചത്. ആഗസ്റ്റ് 29ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ആഗസ്റ്റ് 31ന് ഡൽഹിയിലെത്തുന്ന തരത്തിലായിരുന്നു പ്രധാന ട്രെയിൻ ക്രമീകരിച്ചിരുന്നത്. സമരത്തിന് ശേഷം സെപ്റ്റംബർ രണ്ടിന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് നാലിന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലായിരുന്നു മടക്കയാത്ര.

18 മൂന്നാം നിര എസി കോച്ചുകളും രണ്ട് നോൺ എസി കോച്ചുകളുമുൾപ്പെടെ 20 ബോഗികളിലായി 1,400ലധികം നേതാക്കളെയും പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും കർഷക-തൊഴിലാളി സംഘടനാ പ്രതിനിധികളെയും എത്തിക്കാനായിരുന്നു സിപിഐയുടെ പദ്ധതി.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ പ്രതിഷേധ റാലി നടത്താനാണ് സിപിഐ തീരുമാനിച്ചിരുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള പ്രവർത്തകരെ എത്തിക്കുന്നതിനായി രണ്ട് ട്രെയിനുകളും പാർട്ടി ബുക്ക് ചെയ്തിരുന്നു. ഇവയും റദ്ദാക്കിയതായാണ് വിവരം.