ടെലഗ്രാം മരവിപ്പിച്ച നടപടി: കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

 

ഇന്ത്യയിൽ പ്രവർത്തനം മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ മെസ്സേജിങ് ആപ്പായ ടെലഗ്രാം സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് രാജ്യത്ത് ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നിയന്ത്രണങ്ങൾക്ക് സ്റ്റേ അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് തേജ്‌സ് കരിയ അധ്യക്ഷനായ വെക്കേഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മറുപടി ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാർ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വാദം കേൾക്കുന്നതിനായി കോടതി മാറ്റി വെച്ചു. ആപ്പ് പൂർണ്ണമായി തടഞ്ഞുവെച്ച സർക്കാർ ഉത്തരവ് ഏകപക്ഷീയമാണെന്നും, ഇത് രാജ്യത്തെ 15 കോടിയിലധികം ഉപയോക്താക്കളെ ബാധിച്ചതായും ടെലഗ്രാമിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ടെലഗ്രാമിന്റെ ഹരജിയെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. പ്ലാറ്റ്‌ഫോമിനെതിരെ കൃത്യമായ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ടെന്നും, ആഴ്ചകളായി ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിശോധിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നക്കാരായ ചാനലുകൾ തങ്ങൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ടെലിഗ്രാം കോടതിയെ അറിയിച്ചെങ്കിലും, ആവർത്തിച്ചുള്ള ലംഘനങ്ങൾ കണക്കിലെടുക്കുമ്പോൾ പൂർണ്ണമായ നിയന്ത്രണം അനിവാര്യമായിരുന്നു എന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു.