ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസിന്റെ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ അനുമതി തേടിയുള്ള ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. എസ്‌ഐആർ നടപടിയിൽ ക്രമക്കേടുകൾ ആരോപിച്ചാണ് പ്രതിഷേധത്തിന് അനുമതി തേടിയത്.

അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യം ആക്റ്റിങ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെയും ജസ്റ്റിസ് സഞ്ജയ് ശർമയും ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് വ്യാഴാഴ്ച ഉന്നയിച്ചത്. ഹർജി വെള്ളിയാഴ്ച ലിസ്റ്റ് ചെയ്യുമെന്ന് കോടതി അറിയിച്ചു. അന്നും ഹർജി പരിഗണനയ്ക്ക് വന്നില്ലെങ്കിൽ വീണ്ടും വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും വ്യക്തമാക്കി.

ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് യൂത്ത് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്‌ഐആറിൽ ക്രമക്കേടുകൾ നടന്നുവെന്നാണ് സംഘടനയുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ ജ്ഞാനേഷ് കുമാറിന്റെ രാജിയും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.