ജന്തർ മന്തർ വിദ്യാർഥി പ്രതിഷേധത്തിൽ ഡൽഹി പൊലീസിന് ഇൻ്റലിജൻസ് വീഴ്ച ; ഡൽഹി പൊലീസിൽ സമഗ്ര പരിഷ്‌കരണം
ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ സമഗ്ര പരിഷ്‌കരണത്തിന് നിർദേശം നൽകി. ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി.
ഇനി ഓരോ പ്രതിഷേധത്തിനും മുന്നോടിയായി പത്ത് നിർണായക വിവരങ്ങൾ നിർബന്ധമായും ശേഖരിക്കണമെന്നാണ് നിർദേശം. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ അമ്പതിനായിരത്തോളം വിദ്യാർഥികൾ തെരുവിലിറങ്ങിയത് പൊലീസ് മുൻകൂട്ടി അറിഞ്ഞില്ലെന്നാണ് വിമർശനം . പാർലമെന്റ് മാർച്ച് തടയുന്നതിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ആഭ്യന്തര വിലയിരുത്തൽ.
വിദ്യാർഥി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിന് കഴിഞ്ഞ ദിവസം കർശന മാർഗനിർദേശവും നൽകിയിരുന്നു. മൊബൈൽ ക്യാമറകൾക്ക് മുന്നിൽ പ്രകോപിതരാകരുതെന്നാണ് പ്രധാന നിർദേശം. പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികൾ രാജ്യവ്യാപക വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് പൊലീസിന് കർശന നിർദേശം നൽകിയിരിക്കുന്നത്.