ദില്ലി കലാപം സമൂഹത്തെ വിഭജിക്കാനുള്ള ശ്രമം'; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ദില്ലി പൊലീസ്
2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഉമർ ഖാലിദിന്റെ ജാമ്യ ഹർജിയെ ദില്ലി പൊലീസ് എതിർത്തു. ഡൽഹി കലാപം സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ശ്രമമായിരുന്നുവെന്നും സിഎഎയ്‌ക്കെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
വാദം കേൾക്കൽ പുരോഗമിക്കുകയാണ്.ഡൽഹി പൊലീസിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവും ഹാജരായി.53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്മാർ ആണെന്ന് ആരോപിച്ച് ഖാലിദ്, ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, റഹ്‌മാൻ എന്നിവർക്കെതിരെ ഭീകരവിരുദ്ധ നിയമവും മുൻ ഐപിസിയിലെ വ്യവസ്ഥകളും പ്രകാരം കേസെടുത്തിരുന്നു. അതേസമയം, 2020 ലെ ഡൽഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാൻ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച പോലീസിനോട് നിർദ്ദേശിച്ചു.2020 ഫെബ്രുവരിയിലെ അക്രമവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിവേക് ചൗധരിയും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് നിർദ്ദേശം നൽകിയത്.