ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന് 14 ദിവസത്തെ ഇടക്കാല ജാമ്യം
Dec 11, 2025, 17:09 IST
ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു. വിദ്യാർഥി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് 14 ദിവസത്തേക്ക് ജാമ്യം ലഭിച്ചത്.
ഈ മാസം 16 മുതൽ 29 വരെ കർക്കദൂമ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ പ്രകാരം, ഉമർ ഖാലിദ് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുത്, കൂടാതെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും പാടില്ല.
നേരത്തെ, സുപ്രീം കോടതിയിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ ഡൽഹി പോലീസ് ശക്തമായി എതിർത്തിരുന്നു. 2020 സെപ്റ്റംബറിലാണ് ഡൽഹി പോലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യു.എ.പി.എ. തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.