ഡൽഹി ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തെ അധിക്ഷേപിച്ച പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്

 

ഡൽഹി  ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തെ അധിക്ഷേപിച്ച നടനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനി മാളവിക ആർ. തീക്കാടനാണ് സുപ്രീംകോടതി അഭിഭാഷകൻ വിനീത് എസ്. വർക്കലവിള മുഖേന നോട്ടീസ് അയച്ചത്. മദ്യത്തിനും സൗജന്യഭക്ഷണത്തിനും വേണ്ടിയാണ് സമരം എന്നതടക്കമുള്ള ആരോപണങ്ങള്‍ പിന്‍വലിക്കണം. അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം. 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

കോക്രോച്ച് കാമ്പയിന്‍ പിആര്‍ വര്‍ക്ക് ആണെന്നും സ്വന്തം കപ്പാസിറ്റി അറിയാത്ത ഫ്രസ്ട്രേറ്റഡ് യുവതയാണ് അവരെ പിന്തുണയ്ക്കുന്നതെന്നുമായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം. കേരളത്തിലെ പണിയില്ലാത്ത ആര്‍ടിസ്റ്റുകള്‍ ഡല്‍ഹിയിലെത്തി ഒച്ചയും ബഹളവും ഉണ്ടാക്കുകയാണെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

വീഡിയോ കണ്ടപ്പോൾ 'കുട്ടികളെ വെറുതെ അടിക്കുന്നുവെന്നാണ് ആദ്യം തോന്നിയത്. വിഷമം തോന്നി. എന്നാല്‍ വീഡിയോ വീണ്ടും പരിശോധിച്ചപ്പോള്‍ അതില്‍ കുട്ടികള്‍ എവിടെയെന്ന് തോന്നി. കുട്ടന്മാരാണ് കൂടുതല്‍. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണം എന്നുപറഞ്ഞാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ തുടക്കം എവിടെയാണ്. അമേരിക്കയില്‍ നിന്ന് ഏതോ ഒരുത്തന്‍ എഞ്ചിനീയറിംഗും പഠിച്ച് ചെറിയ ജോലി ചെയ്യുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ കോക്രോച്ച് കാമ്പയിന്‍ തുടങ്ങുകയായിരുന്നു. പി ആര്‍ വര്‍ക്ക് ആയിരുന്നു അത് എന്നുമാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞത്