ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ഡൽഹിയിൽ വെള്ളിയാഴ്ച 'തിരംഗ മാർച്ച്' പ്രഖ്യാപിച്ച് സിജെപി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'സിജെപി' (CJP) പുതിയ പ്രതിഷേധവുമായി രംഗത്ത്. വരുന്ന വെള്ളിയാഴ്ച (ഒക്ടോബർ 16) വൈകിട്ട് അഞ്ച് മണിക്ക് ഡൽഹി കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ നിന്ന് 'തിരംഗ മാർച്ച്' നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. എക്സ് വഴി പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ദേശീയ പതാകയേന്തി സമരത്തിൽ പങ്കെടുക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചത്. ഡൽഹിക്ക് പുറമെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവരും അവരവരുടെ നഗരങ്ങളിൽ ദേശീയ പതാകയേന്തി മാർച്ച് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ ദേശീയ പതാകയുമായി എത്തി പ്രതിഷേധിക്കുകയും ബാരിക്കേഡ് മറികടന്ന് പതാക ഉയർത്താൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത്. ജന്തർ മന്തറിനെ ഔദ്യോഗിക സമരകേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു ഈ സംഭവം. കോടതി ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സിജെപി നേതാക്കളെ ജയിലിലടച്ച നടപടിയെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. സമാധാനപരമായി ദേശീയപതാക വീശുന്നത് കുറ്റമല്ലെന്നും യുവാക്കളെ തടവിലാക്കുന്നത് സർക്കാരിന്റെ ഭീരുത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ദേശീയ പതാക ഉയർത്തിയത് കുറ്റമല്ലെന്ന് അധികാരികൾക്ക് കാണിച്ചുകൊടുക്കാനാണ് ഈ മാർച്ച്" എന്ന് അഭിജീത് ദീപ്കെ തന്റെ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.