ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ; രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി ഹേമ മാലിനി

 

അന്തരിച്ച ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ധർമേന്ദ്രയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും ബി.ജെ.പി എം.പിയുമായ പ്രശസ്ത നടി ഹേമ മാലിനിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചടങ്ങിൽ പ്രശസ്ത വയലിനിസ്റ്റ് എൻ. രാജവും രാഷ്ട്രപതിയിൽ നിന്ന് പദ്മവിഭൂഷൺ പുരസ്‌കാരം സ്വീകരിച്ചു.

ഹേമ മാലിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ച നിമിഷത്തിൽ സദസ്സിലുണ്ടായിരുന്ന മകൾ അഹാന ഡിയോൾ വികാരാധീനയായി. അന്തരിച്ച പരസ്യലോകത്തെ കുലപതി പിയൂഷ് പാണ്ഡെയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യ നീത ജോഷി പദ്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി.

പുരസ്‌കാര തിളക്കത്തിൽ മലയാളികളും

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ആകെ 131 പദ്മ പുരസ്‌കാരങ്ങളായിരുന്നു രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ അഞ്ച് പദ്മവിഭൂഷൺ പുരസ്‌കാരങ്ങളിൽ മൂന്നെണ്ണവും മലയാളികൾക്കാണെന്നത് കേരളത്തിന് അഭിമാനമായി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവരാണ് പദ്മവിഭൂഷൺ നേടിയ മലയാളികൾ.

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉൾപ്പെടെ 13 പേർക്കാണ് പദ്മഭൂഷൺ പുരസ്‌കാരം ലഭിച്ചത്. കൂടാതെ 113 പത്മശ്രീ പുരസ്‌കാരങ്ങളും ഇത്തവണ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച നടന്ന ആദ്യഘട്ട ചടങ്ങിൽ രണ്ട് പദ്മവിഭൂഷൺ, ആറ് പദ്മഭൂഷൺ, 58 പദ്മശ്രീ ഉൾപ്പെടെ 66 പേർക്കാണ് രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. മറ്റ് പുരസ്‌കാര ജേതാക്കൾക്ക് അടുത്ത ഘട്ടത്തിൽ ബഹുമതികൾ വിതരണം ചെയ്യും.

പ്രശസ്ത നടൻ പ്രൊസൻജിത്ത് ചാറ്റർജി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ നേരിട്ടെത്തി പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവന്റെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നറേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.