നടൻ രവി മോഹന്റെ വീട്ടിൽ വജ്രമോഷണം; ഡ്രൈവർ അറസ്റ്റിൽ
തെന്നിന്ത്യൻ താരം രവി മോഹന്റെ വീട്ടിൽ നടന്ന വജ്രമോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവർ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള വീട്ടിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണവും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
നീലാങ്കരൈ പൊലീസാണ് നടന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് 2.5 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഈ പണം മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മോഷണം പോയ വജ്രാഭരണങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ജൂൺ 22-നാണ് നടന്റെ വീട്ടിൽ നിന്ന് വജ്രാഭരണവും പണവും കാണാതായത്.അതേസമയം, വജ്രാഭരണം കാണാതായതിന് പിന്നാലെ വീട്ടുജോലിക്കാരെ നടന്റെ വീട്ടിൽ തടഞ്ഞുവച്ചതായി നേരത്തെ പരാതി ഉയർന്നിരുന്നു. ജോലിക്ക് പോയവർ തിരിച്ചെത്തിയില്ലെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് നീലാങ്കരൈ പൊലീസ് സ്ഥലത്തെത്തി ഇവരെ മോചിപ്പിച്ചിരുന്നു.