അനധികൃത സ്വത്ത് സമ്പാദനക്കേസ്; ശിവകുമാറിനെതിരെ അന്വേഷണം തുടരാൻ സി.ബി.ഐക്ക് അനുമതിയില്ല

 

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം. ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരാൻ സിബിഐയ്ക്ക് കർണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കോടതി തള്ളി.

നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാലും ഹൈക്കോടതിയെ സമീപിച്ചത്. ഹർജികൾ ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്. സിബിഐയും സംസ്ഥാന സർക്കാരും ഉൾപ്പെട്ട കേസായതിനാൽ ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശിച്ചു.