മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണയുമായി ഡി.എം.കെ; നവംബർ 30-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അനുകൂലിച്ച് വോട്ട് ചെയ്യും

 

നവംബർ 30 മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ഡി.എം.കെ തീരുമാനിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി എം.പിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം ഏകീകൃത വർധനവിന് ബിൽ അനുമതി നൽകുന്നതിനാലാണ് പിന്തുണ നൽകുന്നതെന്നും ഇത് തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്നും ഡി.എം.കെ എം.പി എ. രാജ വ്യക്തമാക്കി. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാലും തമിഴ്‌നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതത്തിലും 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സീറ്റ് അനുപാതത്തിലും മാറ്റം വരുത്തരുതെന്ന് എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.

ഏപ്രിലിൽ ബില്ലിനെ എതിർത്തിരുന്ന 22 അംഗങ്ങളുള്ള ഡി.എം.കെയുടെ പിന്തുണ കേന്ദ്ര സർക്കാരിന് വലിയ നേട്ടമാകും. ഭരണഘടനാ ഭേദഗതി ബില്ലായതിനാൽ പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നിലവിൽ എൻ.ഡി.എയുടെ 322 അംഗങ്ങൾക്ക് പുറമെ വൈ.എസ്.ആർ.സി.പി, ഡി.എം.കെ എന്നിവരുടെ പിന്തുണയും എൻ.സി.പി (എസ്.പി), ജെ.എം.എം എന്നീ പാർട്ടികളുടെ അനുകൂല നിലപാടും ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സർക്കാർ. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം കുറയുമെന്ന ആശങ്ക നിലനിൽക്കെയാണ് ഏകീകൃത വർധനവെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഡി.എം.കെ നിലപാട് വ്യക്തമാക്കിയത്.