എസ്.ഐ.ആറിനെതിരായ സിജെപി പ്രക്ഷോഭത്തിന് ഡി.എം.കെയുടെ പൂർണ്ണ പിന്തുണ; നിലപാട് പ്രഖ്യാപിച്ച് സ്റ്റാലിൻ
എസ്.ഐ.ആറിനും (SIR) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് സി.ജെ.പി പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകാൻ ധാരണയായത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സ്വന്തം നിലയിൽ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിൽ നിന്ന് അകലം പാലിക്കാനും ഡി.എം.കെ തീരുമാനിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്.ഐ.ആർ റദ്ദാക്കുക, ബാലറ്റ് പേപ്പർ രീതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയം യോഗം പാസാക്കി.
വോട്ടർപട്ടിക പരിഷ്കരണത്തിൽ കോൺഗ്രസും ഭരണകക്ഷിയായ ടി.വി.കെയും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് ഡി.എം.കെ ആരോപിച്ചു. ഡി.എം.കെ ഇന്ത്യയിലെ യുവതയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ചെന്നൈയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് ശേഷം ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി കരുണാനിധിയും വ്യക്തമാക്കി.