കർണാടകയിൽ ഡോക്ടർ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ
കർണാടകയിലെ ധാർവാഡിൽ പ്രമുഖ ഡോക്ടറെ അപ്പാർട്ട്മെന്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനന്നാവർ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യയും നേത്രരോഗവിദഗ്ദ്ധയുമായ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള അപ്പാർട്ട്മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. പുറത്തുനിന്ന് മറ്റാരും അപ്പാർട്ട്മെന്റിൽ പ്രവേശിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഡോ. കിരണിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് വൈകുന്നേരത്തോടെ ബന്ധുക്കൾ ഫ്ലാറ്റിൽ നേരിട്ടെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക നിലവിൽ കടുത്ത മാനസികാഘാതത്തിലാണെന്നും ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകുന്നതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.