ജീവനുള്ള രോഗിയെ മരിച്ചെന്ന് വിധിച്ച് ഡോക്ടർ; പോസ്റ്റുമോർട്ടത്തിന് അയച്ചു, ഉത്തർപ്രദേശിൽ വൻ വീഴ്ച

 

ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ലാലാ ലജ്പത് റായ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ മരിച്ചെന്ന് കരുതി പോസ്റ്റുമോർട്ടത്തിന് അയച്ചു. ഗുരുതരമായ ഈ വീഴ്ചയെത്തുടർന്ന് ജൂനിയർ റെസിഡന്റ് ഡോക്ടർ, നഴ്സ് ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

മെഡിസിൻ വാർഡിലെ 42-ാം നമ്പർ കിടക്കയിൽ ചികിത്സയിലായിരുന്ന വിനോദ് (42) എന്ന രോഗിയെയാണ് ഡോക്ടർ മരിച്ചതായി പ്രഖ്യാപിച്ചത്. തൊട്ടടുത്ത കിടക്കയിൽ ചികിത്സയിലിരുന്ന അറുപതുകാരൻ മരിച്ചിരുന്നു. എന്നാൽ രോഗികളുടെ ഫയൽ മാറിയെടുത്ത ജൂനിയർ ഡോക്ടർ, വിനോദ് മരിച്ചതായി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റാൻ പോലീസ് എത്തിയപ്പോഴാണ് വിനോദിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.

സംഭവം ആശുപത്രിയിൽ വലിയ പരിഭ്രാന്തി പരത്തി. വീഴ്ച സമ്മതിച്ച ജൂനിയർ ഡോക്ടർ മാപ്പ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നതതല സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ വിനോദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.