'സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്': ബ്രിക്സിൽ നയം വ്യക്തമാക്കി നരേന്ദ്ര മോദി
സാങ്കേതികവിദ്യയും സുപ്രധാന ധാതുക്കളും ആയുധമാക്കുന്നത് ആഗോള വികസനത്തിനും പുരോഗതിക്കും തടസ്സമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമർശം.
സുപ്രധാന ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ കൈമാറ്റത്തിലെ വിമുഖതയെക്കുറിച്ചും ആഗോളതലത്തിൽ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് പ്രധാന മേഖലകളൂന്നിയാണ് ഇന്ത്യയുടെ അധ്യക്ഷതയിലുള്ള പ്രവർത്തനങ്ങൾ മുന്നേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും, ബ്രിക്സ് വികസിപ്പിക്കുന്ന ആശയങ്ങൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
11 വളർന്നുവരുന്ന രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് വൈകീട്ടോടെ സമാപനമാകും. സമാപന സമ്മേളനത്തിൽ പുതിയതായി കൂട്ടായ്മയിലേക്ക് ഉൾപ്പെടുത്തേണ്ട രാജ്യങ്ങൾ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.