തമിഴ്‌നാട്ടിൽ നാടകീയ നീക്കങ്ങൾ; രാജിഭീഷണിയുമായി ടിവികെ എംഎല്‍എമാര്‍
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക്. ഡി.എം.കെയും അണ്ണാ ഡി.എം.കെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ നീക്കം നടത്തിയാൽ തങ്ങളുടെ 107 എം.എൽ.എമാരും കൂട്ടത്തോടെ രാജിവയ്ക്കുമെന്ന മുന്നറിയിപ്പുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) രംഗത്തെത്തി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന ടി.വി.കെ ആവശ്യം ഗവർണർ നിരാകരിച്ചതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം.
234 അംഗ നിയമസഭയിൽ വിജയ് വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ 108 സീറ്റുകളാണ് ടി.വി.കെയ്ക്കുള്ളത്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അഞ്ച് അംഗങ്ങളെ കൂടി ലഭിച്ചെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ വിജയ്‌ക്ക് സാധിച്ചിട്ടില്ല. എന്നാൽ 118 പേരുടെ പിന്തുണക്കത്ത് നേരിട്ട് ഹാജരാക്കാതെ സത്യപ്രതിജ്ഞയ്ക്ക് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ.
നിലവിൽ ഡി.എം.കെക്ക് 59-ഉം അണ്ണാ ഡി.എം.കെക്ക് 47-ഉം എം.എൽ.എമാരാണുള്ളത്. പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്ന അണ്ണാ ഡി.എം.കെ എം.എൽ.എമാർ പിന്തുണക്കത്ത് കൈമാറിയ ശേഷം മടങ്ങിത്തുടങ്ങിയത് ഡി.എം.കെ-അണ്ണാ ഡി.എം.കെ സഖ്യനീക്കത്തിന്റെ സൂചനയായി ടി.വി.കെ കണക്കാക്കുന്നു. ഇത്തരമൊരു നീക്കം നടന്നാൽ നിയമസഭയിൽ നിന്ന് വിട്ടുനിൽക്കാനാണ് വിജയ്‌യുടെ തീരുമാനം. അതേസമയം, വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പ്രക്ഷോഭത്തിന് തമിഴ്‌നാട് കോൺഗ്രസ് ആഹ്വാനം നൽകിയിട്ടുണ്ട്.