ബംഗാളിൽ നാടകീയ രംഗങ്ങൾ; 'വോട്ടിങ് യന്ത്രങ്ങൾ തുറന്നു, കൃത്രിമം നടന്നു'; സ്‌ട്രോങ് റൂമിന് മുന്നില്‍ സംഘര്‍ഷം
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, സ്‌ട്രോങ് റൂമിലെ ബാലറ്റ് പെട്ടികൾ തുറക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. വോട്ടിങ് മെഷീനുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ടിഎംസി സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. സംഭവത്തെത്തുടർന്ന് കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് പുറത്ത് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യമില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് സ്‌ട്രോങ് റൂമുകൾ തുറന്നെന്നാണ് തൃണമൂലിന്റെ പ്രധാന ആരോപണം. വൈകുന്നേരം മൂന്നര വരെ പാർട്ടി പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നുവെന്നും, എന്നാൽ നാല് മണിക്ക് സ്‌ട്രോങ് റൂം വീണ്ടും തുറക്കുമെന്ന് അറിയിച്ച് പെട്ടെന്ന് ഇമെയിൽ വരികയായിരുന്നുവെന്നും നേതാക്കൾ പറയുന്നു. തൃണമൂൽ പ്രതിനിധികൾ എത്തിയപ്പോഴേക്കും അവരെ അകത്ത് പ്രവേശിപ്പിക്കാതെ ബിജെപി പ്രവർത്തകരെ മാത്രമാണ് കടത്തിവിട്ടതെന്നും ഇവർ ആരോപിക്കുന്നു.
ആരോപണങ്ങൾക്ക് പിന്നാലെ പ്രദേശത്ത് കേന്ദ്രസേനയെ വൻതോതിൽ വിന്യസിച്ചു. ഇത് സേനയും തൃണമൂൽ പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. എക്സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപിക്ക് അനുകൂലമായ സാഹചര്യത്തിൽ, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് മമത ബാനർജി നേരത്തെ തന്നെ നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകിയിരുന്നു. രാത്രികാലങ്ങളിൽ നേരിട്ട് നിരീക്ഷണം നടത്തണമെന്നും അടുത്ത സംഘത്തിന് ചുമതല കൈമാറിയ ശേഷം മാത്രമേ ഉറങ്ങാൻ പോകാവൂ എന്നും അവർ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.