മദ്യപിച്ചത് ചോദ്യം ചെയ്തു; ഹോം ഗാർഡിനെ മർദിച്ചുകൊന്നു, മൂന്ന് പേർ അറസ്റ്റിൽ

 

തമിഴ്നാട്ടിലെ അരിയലൂരിൽ പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത ഹോം ഗാർഡിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സെന്തുറൈക്ക് സമീപം തളവായ് പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെങ്കടേശനാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഒക്ടോബർ 29നായിരുന്നു സംഭവം. രാത്രി പട്രോളിങ് നടത്തുന്നതിനിടെ സ്വകാര്യ സിമന്റ് ഫാക്ടറിക്ക് സമീപം മൂന്നുപേർ മദ്യപിക്കുന്നത് പോലീസ് കോൺസ്റ്റബിൾ രാജാകണ്ണിന്റെയും വെങ്കടേശന്റെയും ശ്രദ്ധയിൽപ്പെട്ടു. ഇവരോട് അവിടെനിന്ന് പോകാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ പുലർച്ചെ ഇതേ സംഘം വിനായകർ ക്ഷേത്രത്തിന് സമീപം വീണ്ടും മദ്യപിക്കുന്നത് പട്രോളിങ് സംഘം കണ്ടു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ കോൺസ്റ്റബിൾ രാജാകണ്ണിനെ തടഞ്ഞുവെക്കുകയും വെങ്കടേശന്റെ മുഖത്തും തലയിലും ക്രൂരമായി മർദിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ വെങ്കടേശനെ ആദ്യം സെന്തുറൈ സർക്കാർ ആശുപത്രിയിലും പിന്നീട് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.