‘E20 പെട്രോൾ പൂർണ്ണ വിജയം’; E25 നടപ്പിലാക്കുന്നത് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രം: ഹർദീപ് സിങ് പുരി
എഥനോൾ മിശ്രിത ഇന്ധനമായ E20 പെട്രോളിന്റെ സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന വിമർശനങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്തെ കോടിക്കണക്കിന് വാഹനങ്ങൾ യാതൊരുവിധ സാങ്കേതിക തകരാറുകളുമില്ലാതെ നിലവിൽ E20 ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ഘട്ടമായി E25 ഇന്ധനം അവതരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകാതെ തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ 20 കോടി ഇരുചക്ര വാഹനങ്ങളും 20 ലക്ഷം നാലുചക്ര വാഹനങ്ങളും E20 ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഇതുവരെ വാഹന നിർമ്മാതാക്കളോ സർവീസ് സെന്ററുകളോ ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ മൂന്നര വർഷമായി രാജ്യം E15 ഇന്ധനവും വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ഏപ്രിൽ മുതൽ രാജ്യത്ത് E20 ഇന്ധനത്തിലേക്കുള്ള മാറ്റം ഘട്ടംഘട്ടമായി നടപ്പാക്കിയിരുന്നതാണ്. ഇത്രയും കാലം സുഗമമായി മുന്നോട്ടുപോയ സംവിധാനത്തിനെതിരെ ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും വാഹന നിർമ്മാതാക്കളും ഉപഭോക്താക്കളും ഈ മാറ്റത്തിൽ പൂർണ്ണ സംതൃപ്തരാണെന്നും മന്ത്രി വിശദീകരിച്ചു.
അടുത്ത ഘട്ടമായ E25 ഇന്ധനം പ്രായോഗികമാക്കുന്നതിന് മുൻപ് ശാസ്ത്രീയ റിപ്പോർട്ടുകൾ ലഭ്യമാക്കുമെന്നും അതിനുശേഷം മാത്രമേ വാഹന നിർമ്മാതാക്കളുമായി ചർച്ച നടത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇന്ധന നിർമ്മാണമോ വാഹന നിർമ്മാണമോ സർക്കാരല്ല നേരിട്ട് നിർവ്വഹിക്കുന്നത് എന്നതിനാൽ വ്യവസായ മേഖലയിൽ നിന്നുള്ള സാങ്കേതിക നിർദ്ദേശങ്ങൾ ഈ മാറ്റത്തിൽ നിർണ്ണായകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എഥനോൾ മിശ്രിത പെട്രോളിനെതിരെയുള്ള പ്രചാരണങ്ങളെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ശക്തമായി തള്ളി. E20 പെട്രോൾ ഉപയോഗിച്ചതു കാരണം ഒരു വാഹനം പോലും തകരാറിലായതായി തെളിയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനെതിരെ നടക്കുന്നത് ബോധപൂർവ്വമായ പെയ്ഡ് ക്യാമ്പയിനുകളാണെന്നും ആരോപിച്ചു.