ഇന്നു മുതൽ രാജ്യത്ത് ഇ85 ഇന്ധനം, വരും 5000 'സ്പെഷ്യൽ പമ്പുകൾ'

 

രാജ്യത്തെ ഇന്ധന വിപണിയിൽ വിപ്ലവത്തിനു വഴിതുറന്ന് എഥനോൾ മിശ്രിത ഇന്ധനമായ ‘ഇ85’ (E85)ന്റെ വരവ്. പെട്രോളിനെക്കാൾ ഗണ്യമായ വിലക്കുറവിലായിരിക്കും ഇ85 ലഭ്യമാക്കുകയെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. 85% എഥനോളും 15% പെട്രോളും അടങ്ങിയതാണ് ഇ85 ഇന്ധനം. രാജ്യത്തെ ആദ്യ ഇ85 ഇന്ധന പമ്പ് പരിസ്ഥിതി ദിനമായ ഇന്നു കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.ഡൽഹി പുസ റോഡിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് ഇ85 ഇന്ധന വിതരണം ആരംഭിക്കുന്നത്. ഇന്ധനത്തിന്റെ വില ഇന്നു പുറത്തുവിടും.

പ്രത്യേകം രൂപകൽപന ചെയ്ത ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഇ85 ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ സർക്കാർ ഉടൻ വിജ്ഞാപനം ചെയ്യും.

ആദ്യഘട്ടത്തിൽ ഡൽഹി-എൻസിആർ, മുംബൈ- പുണെ-നാഗ്പുർ കോറിഡോറുകളിലായി 100 ഇ85 വിതരണ കേന്ദ്രങ്ങൾ ആരംഭിക്കും. ഡിസംബറോടെ എണ്ണം 500 ആക്കും. 2027 അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലായി 5,000 എണ്ണം തുടങ്ങും. രാജ്യത്തെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ കാറായ മാരുതി സുസുക്കി ‘വാഗൺആർ ഫ്ലെക്സ് ഫ്യുവലി’നു പുറമേ ഹീറോ മോട്ടോകോർപ് 2 ഫ്ലക്സ് ഫ്യൂവൽ ബൈക്കുകളും പുറത്തിറക്കിയിട്ടുണ്ട്.