ഇഡി റെയ്ഡ്: കൊൽക്കത്തയിൽ കൂറ്റൻ റാലിയുമായി മമത; പോര് മുറുകുന്നു
ഐ-പാക് (I-PAC) ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജാദവ്പുരിൽ നിന്ന് ഹസ്ര ക്രോസിംഗ് വരെ നടന്ന റാലിയിൽ ആയിരക്കണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മമത ആരോപിച്ചു.
അതേസമയം, മമതയ്ക്കെതിരെ ബിജെപി ശക്തമായ വിമർശനവുമായി രംഗത്തെത്തി. തൃണമൂലും മുഖ്യമന്ത്രിയും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ഇഡി ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് മമതയെ പ്രതിയാക്കി കേസെടുക്കണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. എന്തോ വലിയ അഴിമതി പുറത്തുവരുന്നത് തടയാനാണ് മമതയുടെ ഈ നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു. റെയ്ഡിനെത്തുടർന്നുണ്ടായ നാടകീയ നീക്കങ്ങൾക്കിടെ ഹർജി പരിഗണിക്കാതെ ജഡ്ജി കോടതിമുറി വിട്ടിറങ്ങിയതും വലിയ ചർച്ചയായിട്ടുണ്ട്.