പി.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്: കോൺഗ്രസ് പദവികൾ ഒഴിഞ്ഞ് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിലെ പ്രമുഖ പദവികളിൽ നിന്ന് രാജിവെച്ചു. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗത്വവും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ (CWC) സ്ഥിരം ക്ഷണിതാവ് സ്ഥാനവുമാണ് അദ്ദേഹം ഒഴിഞ്ഞത്. 2016-ൽ നടന്ന ഗ്രാമപഞ്ചായത്ത് വികാസ് അധികാരി പരീക്ഷാ ക്രമക്കേടിലെ പണമിടപാടുമായി ബന്ധപ്പെട്ട് ഹരീഷ് റാവത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദൻ സിങ് ജീനയുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നീക്കം.
ഡെറാഡൂണിൽ ഇ.ഡി നടത്തിയ പരിശോധനയിൽ ജീനയുടെ വസതിയിൽ നിന്ന് 32 ലക്ഷം രൂപയും സ്വർണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ജീനയുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലുണ്ടായിരുന്ന 52.16 ലക്ഷം രൂപ ഇ.ഡി മരവിപ്പിക്കുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ഉത്തരാഖണ്ഡ് പോലീസും വിജിലൻസും രജിസ്റ്റർ ചെയ്ത നാല് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി പണമിടപാട് കേസിൽ അന്വേഷണം നടത്തുന്നത്. 2014 മുതൽ 2017 വരെ റാവത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ജീന അദ്ദേഹത്തിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്നു.
അതേസമയം, ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും കഠിനാധ്വാനിയായ ജീന തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നാണക്കേടാണെന്നും ഹരീഷ് റാവത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാനാണ് ശ്രമിക്കുന്നത്. അഴിമതിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പോരാടുമ്പോൾ, തന്റെ മുൻ സഹായിക്കെതിരെയുള്ള ആരോപണങ്ങൾ പാർട്ടിയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് പദവികൾ ഒഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.