എൽ നിനോ ആഗോള ആരോഗ്യ പ്രതിസന്ധിക്ക് വഴിവെച്ചേക്കാം; ജാഗ്രതാ പട്ടികയിൽ ഇന്ത്യയും
കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ആഗോളതലത്തിൽ ഗുരുതരമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ എൽ നിനോ പ്രതിരോധ പ്രവർത്തനങ്ങളെ സംഘടനയുടെ ഏറ്റവും ഉയർന്ന അടിയന്തര വിഭാഗമായ ഗ്രേഡ് 3-ലേക്ക് ഉയർത്തിയിട്ടുണ്ട്. 2026 ഒക്ടോബർ മുതൽ 2027 സെപ്റ്റംബർ വരെയാണ് ഗ്രേഡ് 3 പ്രതികരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന ആരോഗ്യ അപകടസാധ്യത നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എൽ നിനോ നേരിട്ട് രോഗങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും, താപനിലയിലും മഴയുടെ അളവിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ രോഗവ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കും. ദക്ഷിണേഷ്യയിൽ സാധാരണയേക്കാൾ ഉയർന്ന ചൂടും കുറഞ്ഞ മഴയും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, മാലദ്വീപ് എന്നീ രാജ്യങ്ങളും ജാഗ്രതാ പട്ടികയിലുണ്ട്. ഇന്ത്യയിൽ കടുത്ത ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ, ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങൾ, എലിപ്പനി, ജലജന്യ രോഗങ്ങൾ, പോഷകാഹാരക്കുറവ് എന്നിവയാണ് പ്രധാന വെല്ലുവിളികൾ. ദീർഘനേരം കടുത്ത ചൂടേൽക്കുന്നത് നിർജലീകരണത്തിനും ഹീറ്റ് സ്ട്രോക്കിനും കാരണമാകും. ഹൃദയം, ശ്വാസകോശം, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവരിൽ ഇത് ആരോഗ്യനില കൂടുതൽ സങ്കീർണ്ണമാക്കാം. കൂടാതെ മഴയുടെ രീതികളിലുണ്ടാകുന്ന മാറ്റവും ശുചിത്വ സംവിധാനങ്ങളുടെ തകരാറും കുടിവെള്ളം മലിനമാകുന്നതിനും എലിപ്പനി പടരുന്നതിനും ഇടയാക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, നിർമാണ-കാർഷിക മേഖലകളിൽ പുറംജോലി ചെയ്യുന്നവർ എന്നിവരെയാണ് എൽ നിനോയുടെ പ്രത്യാഘാതങ്ങൾ കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്. ഭക്ഷ്യക്ഷാമവും കാലാവസ്ഥാ ദുരന്തങ്ങളും ഉപജീവനമാർഗങ്ങളെ ബാധിക്കുന്നതിനൊപ്പം ജനങ്ങളിൽ മാനസിക സമ്മർദ്ദത്തിനും കാരണമായേക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. ആദ്യ ആറുമാസത്തെ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏകദേശം 3.5 കോടി ഡോളർ ആവശ്യമായി വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.