24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18ന്
24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. ജൂൺ 18നാണ് വോട്ടെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിരമിക്കുന്ന അംഗങ്ങളുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് എന്നിവരുൾപ്പെടെയുള്ള അംഗങ്ങളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.പത്ത് സംസ്ഥാനങ്ങളിലായി ഒഴിവുകളുള്ള സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ നാല് സീറ്റുകളിലേക്കും മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മൂന്ന് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.ഝാർഖണ്ഡ്, മണിപ്പുർ സംസ്ഥാനങ്ങളിൽ രണ്ട് സീറ്റുകളിലേക്കും മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.ജൂൺ 8 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. കേന്ദ്ര മന്ത്രി കൂടിയായ രവ്നീത് സിങ്, ജോർജ് കുര്യൻ, ശക്തിസിങ്ജി ഗോവിൽ എന്നിവരും വിരമിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്..