പശ്ചിമ ബംഗാളിൽ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 24ന് നടക്കും
പശ്ചിമ ബംഗാളിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് വോട്ടെടുപ്പ് നടക്കുക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 14 ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ 15-നും, പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 17-നും നിശ്ചയിച്ചിട്ടുണ്ട്. ജൂലൈ 24-ന് വൈകിട്ട് വോട്ടെണ്ണൽ നടക്കും.തൃണമൂൽ കോൺഗ്രസ് എംപിമാരായ സുഖേന്ദു ശേഖർ റായ്, സുഷ്മിത ദേവ്, പ്രകാശ് ചിക്ക് ബറൈയ്ക്ക് എന്നിവർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവുകൾ രൂപപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു മൂന്ന് എംപിമാർ രാജിവെച്ചത്. 2029 ഓഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ജൂൺ എട്ടാം തീയതിയായിരുന്നു സുഖേന്ദു ശേഖർ റായി രാജിവെച്ചത്. തൃണമൂൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സുഖേന്ദു റായി രാജിവെച്ചിരുന്നു. അഴിമതി, സ്ത്രീ സുരക്ഷ, ക്രമസമാധാന തകർച്ച, ആരോഗ്യം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ പരാജയമാണെന്നും ബംഗാൾ ജനത ടിഎംസിയെ തിരസ്‌കരിച്ചുവെന്നും സുഖേന്ദു ശേഖർ രാജിക്കത്തിൽ തുറന്നടിച്ചിരുന്നു. ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമായി വോട്ടർമാർ ബിജെപിക്ക് വൻ വിജയം സമ്മാനിച്ചെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയായിരുന്നു സുഷ്മിത ദേവിന്റെ രാജി. ജൂൺ പത്താം തീയതിയായിരുന്നു സുഷ്മിത ദേവ് രാജിവെച്ചത്. പാർട്ടിയിൽ നിന്നും സുഷ്മിത രാജിവെച്ചിരുന്നു. 2030 ഏപ്രിൽ വരെയായിരുന്നു സുഷ്മിത ദേവിന്റെ രാജ്യസഭകാലാവധി. കോൺഗ്രസിൽ നിന്ന് 2021ലായിരുന്നു സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ എത്തിയത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങൾ കൊണ്ട് രാജിവെയ്ക്കുന്നുവെന്നായിരുന്നു സുഷ്മിത കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിലെ തോൽവിയാണ് രാജിക്ക് പിന്നിലെന്നായിരുന്നു പുറത്തുവന്ന വിവരം. സുഷ്മിത ദേവിന് തൊട്ടുപിന്നാലെ ജൂൺ പതിനൊന്നിനായിരുന്നു പ്രകാശ് ചിക് ബറൈയ്ക്ക് രാജിവെച്ചത്. 2029 ഓഗസ്റ്റ് പതിനെട്ടാം തീയതി വരെയായിരുന്നു പ്രകാശിന്റെ രാജ്യസഭയിലെ കാലാവധി.