ശാരീരികബന്ധത്തിന് നിർബന്ധിക്കും; മകളുടെ പരാതി, മുൻ സൈനികൻ അറസ്റ്റിൽ

 

മകളെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ മുൻ സൈനികൻ അറസ്റ്റിൽ. ലഖ്നൗ സ്വദേശിയായ മുൻ സൈനികനെയാണ് 19-കാരിയായ മകളുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറുവർഷമായി അച്ഛൻ ഉപദ്രവിക്കാറുണ്ടെന്നാണ് 19-കാരിയുടെ പരാതിയിൽ പറയുന്നത്. ശാരീരികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നതായും പലതവണ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു.

അച്ഛൻ പലതവണ മർദിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ബലാത്സംഗശ്രമത്തിൽനിന്നെല്ലാം സ്വയം രക്ഷപ്പെടുകയായിരുന്നു. തന്റെ അമ്മയെയും സഹോദരങ്ങളെയും അച്ഛൻ മർദിച്ചിരുന്നു. അദ്ദേഹവുമായി ശാരീരികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചു. ശാരീരികബന്ധത്തിലേർപ്പെട്ടില്ലെങ്കിൽ തങ്ങളുടെ ജീവിതച്ചെലവിനുള്ള പണം നൽകില്ലെന്നായിരുന്നു ഭീഷണി.

ഏതാനും മാസങ്ങൾക്ക് മുൻപ് അച്ഛൻ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അവിടെനിന്ന് താൻ ഓടിരക്ഷപ്പെടുകയായിരുന്നു. മൂന്നുമാസമായി അച്ഛൻ തങ്ങൾക്ക് പണമൊന്നും നൽകുന്നില്ലെന്നും പെൺകുട്ടി നൽകിയ മൊഴിയിലുണ്ട്.

19-കാരിയുടെ പരാതിയിൽ ലഖ്നൗ ഗോൾഫ് സിറ്റി പോലീസാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതായും കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയതായും ഗോൾഫ് സിറ്റി എസ്.എച്ച്.ഒ. മാധ്യമങ്ങളോട് പറഞ്ഞു.