ഹിൻഡൻബർഗ് റിപ്പോർട്ട്: സെബിക്ക് വീഴ്ച പറ്റിയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വിദഗ്ധസമിതി

 

അദാനി-ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ക്ക് വീഴ്ചപറ്റിയെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. സെബിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് സമിതി വിലയിരുത്തി. ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലാണ് വിലയിരുത്തൽ.

ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിന് ശേഷം ഓഹരിവിപണിയുമായി ബന്ധപ്പെട്ട് സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. അന്വേഷണം നടത്തിയശേഷം സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഘട്ടത്തിൽ സെബിക്ക് വീഴ്ച പറ്റിയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഓഹരിവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും സെബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സെബിയുടെ വിശദീകരണം അടക്കം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കാൻ സെബിക്ക് സുപ്രീംകോടതി ആഗസ്റ്റ് 14 വരെ സമയം അനുവദിച്ചിരുന്നു.